പ്രധാന പ്രഭാത വാർത്തകൾ
തമിഴ്നാട്ടിൽ കനത്ത മഴ, ചുഴലിക്കാറ്റ്.സ്കൂളുകൾ അടച്ചു. ട്രെയിൻ സർവീസുകൾ താറുമാറായി.
MEPPAYUR NEWS
തമിഴ്നാട്ടിൽ കനത്ത മഴ, ചുഴലിക്കാറ്റ്.സ്കൂളുകൾ അടച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ, ചുഴലിക്കാറ്റ്.സ്കൂളുകൾ അടച്ചു. ട്രെയിൻ സർവീസുകൾ താറുമാറായി.ചെന്നൈ മെട്രോ ട്രെയിൻ സർവീസിനെയും ബാധിച്ചു. ചെന്നൈ വിമാനത്താവളം അടച്ചു. ഫെയ്ൻജൽ ചുഴലിക്കാറ്റാണ് തമിഴ്നാടിനെ വിറപ്പിക്കുന്നത്. കാറ്റിലും പേമാരിയിലും ചെന്നൈ നഗരത്തിലും സമീപമേഖലകളിലും ജനജീവിതം സ്തംഭിച്ചു. വീടുകളിലും ആശുപത്രികളിലും വെള്ളം കയറി.അയൽ സംസ്ഥാനങ്ങളായ പുതുച്ചേരിയിലും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലും കനത്തമഴ പെയ്യുന്നു.
ചെന്നൈയിൽ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. എടിഎമ്മിൽ പണം പിൻവലിക്കുന്നതിനിടെയാണ് അതിഥിത്തൊഴിലാളിക്ക് ഷോക്കേറ്റത്. ചെന്നൈ വിമാനത്താവളം ഞായർ പുലർച്ചെ നാലുവരെ അടച്ചു. റൺവേയിൽ വെള്ളം കയറിയതോടെ അമ്പതിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനം വഴിതിരിച്ചുവിട്ടു. സ്കൂളുകളും കോളേജുകളും അടച്ചു. ഇന്ന് ഫെയ്ൻജൽ ദുബലമായിതുടങ്ങി.
പുറക്കാമല സംരക്ഷണ സമിതിക്കെതിരെയുള്ള ക്വാറി ഉടമ സംഘടനയുടെ പ്രസ്താവന അപലപനീയം
മേപ്പയ്യൂർ : പുറക്കാമല സംരക്ഷണ സമിതിക്കെതിരെ കേരള മൈനിംഗ് ആൻ്റ് ക്രഷിങ്ങ് അസോസിയേഷൻ്റെ പ്രസ്താവന അപലപനീയമാണെന്ന് പുറക്കാമല സംരക്ഷണ സമിതി ചെയർമാൻ ഇല്യാസ് ഇല്ലത്ത്, കൺവീനർ, പ്രജീഷ് എം.എം എന്നിവർ പറഞ്ഞു.
മേപ്പയ്യൂർ ,ചെറുവണ്ണൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ തന്നെ സവിശേഷ പ്രാധാന്യമുള്ള ഒരു മലയാണ് പുറക്കാമല .അവിടെ കരിങ്കൽ ഖനനത്തിന് ശ്രമങ്ങൾ ആരംഭിച്ചിട്ട് 12 വർഷത്തോളമായി.കോഴിക്കോടിൻ്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയും വിയ്യഞ്ചിറയും കണ്ടൻചിറയുമടങ്ങുന്ന നൂറു കണക്കിന് ഏക്കർ നെല്പാടങ്ങളുടെ കാവലാളാണ് ഈ മല. ആയിരക്കണക്കിന് മനുഷ്യർ ഇതിന് ചുറ്റും താമസിക്കുന്നുണ്ട്. തങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ തകർക്കുന്നതാകും പുറക്കാമലയിൽ ഖനനം നടന്നാൽ സംഭവിക്കുക എന്ന് തിരിച്ചറിഞ്ഞ് സമരം ചെയ്യുന്ന നാട്ടുകാരെ സാമൂഹ്യ ദ്രോഹികൾ എന്ന് ആക്ഷേപിക്കുന്ന ക്വാറി അസോസിയേഷൻ്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി പുറക്കാമല സംരക്ഷണ സമിതി പറഞ്ഞു.
സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനം
പേരാമ്പ്ര: സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം. കെ കെ രാഘവൻ നഗറിൽ (പന്തിരിക്കര ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി ബാലൻ അടിയോടി പതാക ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ കെ വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
സി കെ ശശി, കെ സുനിൽ, നഫീസ കൊയിലോത്ത്, കെ വി അനുരാഗ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. അഡ്വ. കെ കെ രാജൻ കൺവീനറായി മിനുട്സ് കമ്മിറ്റിയും എൻ പി ബാബു കൺവീനറായി പ്രമേയ കമ്മിറ്റിയും കെ കെ ഹനീഫ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.പി പി രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എ സി സതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി കെ മുകുന്ദൻ, എം മെഹബൂബ്, കെ കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ കെ ബാലൻ, എസ് കെ സജീഷ്, ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചക്കുശേഷം വൈകിട്ടോടെ പൊതുചർച്ച പൂർത്തിയായി. ഞായറാഴ്‌ച നേതാക്കൾ ചർച്ചക്ക് മറുപടി പറയും. വൈകിട്ട് നാലിന് പന്തിരിക്കരയിൽ ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും നടക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കെ. ലോഹ്യയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം
മേപ്പയ്യൂർ: ആർ.ജെ.ഡി.സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ രാഷ്ട്രീയ ജനതാദൾ പ്രതിഷേധിച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കീഴ്പയ്യൂർ മണപ്പുറം മുക്കിലെ വീടിനു നേരെ കല്ലേറുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ മേപ്പയ്യൂർ പോലീസ് രാത്രി മുഴുവൻ വീടിന് കാവലേർപ്പെടുത്തി. കീഴ്പയ്യൂരിലെ പുറക്കാമലയിൽ, പ്രദേശവാസികളുടെ ഒറ്റക്കെട്ടായ പ്രതിരോധത്തെ അവഗണിച്ച് ഖനനനീക്കം ഊർജ്ജിതമായിരിക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞദിവസം നടന്ന ബഹുജന മാർച്ചിനും, സമര പന്തൽ തകർത്തതിനെതിരെയുള്ള പ്രതിഷേധത്തിനും കെ. ലോഹ്യ നേതൃത്വം നൽകിയിരുന്നു. മാത്രമല്ല, ഖനന ലോബിയുടെ ഭീഷണി അവഗണിച്ച് ദൃശ്യമാധ്യമ പ്രവർത്തകർക്കൊപ്പം പുറക്കാമലയിലെത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.
അന്വേഷണം വേഗത്തിലാക്കാനും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരാനും നടപടികൾ ഉണ്ടാവണമെന്നും ആർജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു.
പുറക്കാമല ബഹുജന മാർച്ച്, പോലീസ് കേസെടുത്തു
പുറക്കാമല: പുറക്കാമല ബഹുജന മാർച്ച് പോലീസ് കേസെടുത്തു. പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ വെള്ളിയാഴ്ച നടന്ന ബഹുജന മാർച്ചിൽ പങ്കെടുത്തവരുടെ പേരിൽ കേസ്. കണ്ടാലറിയാവുന്ന 189 പേരൂൾപ്പെടെ 200 പ്രതികളാണ് ഉള്ളത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന ബഹുജന മാർച്ച് മലയുടെ താഴെ 300 മീറ്റർ അകലെ വെച്ച് പോലീസ് തടഞ്ഞിരുന്നു.
പോലീസിന്റെ നിർദ്ദേശം അനുസരിക്കാതെ മാർച്ച് നടത്തിയതിനാണ് കേസ്. പുറക്കാ മല സംരക്ഷണ സമിതി പ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളും ഉൾപ്പെടെ ഉളളവരാണ് പ്രധാന പ്രതികൾ. ഗ്രാമപഞ്ചായത്ത് അംഗം സെറീന ഒളോറ ഉൾപ്പെടെയുള്ള വനിതകളും പ്രതി പട്ടികയിൽ ഉണ്ട്.
എച്ച് ഐ വി ബാധ കുറഞ്ഞു
എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമായി കേരളം തുടരുന്നു. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത കേരളത്തിലേത് 0.07 ആണ്. ഇന്ത്യയിൽ ദേശീയ തലത്തിൽ ഇത് 0.20 ആണ് .ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതർ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ 25.44 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്. 2023ൽ രാജ്യത്ത് 68,451 പേരിൽ പുതുതായി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1263 പേരിലാണ് അണുബാധ കണ്ടെത്തിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും, കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ "ഒന്നായ് പൂജ്യത്തിലേക്ക് ' എന്ന ക്യാമ്പയിനും ആരംഭിച്ചു. 2025- ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം.
വാല്യക്കോട് എ യു പി. സ്കൂൾ ശതപൂർണിമ നിറവിൽ
പേരാമ്പ്ര: വാല്യക്കാട് എ യു പി സ്കൂൾ ശതപൂർണിമയുടെ നിറവിൽ. പൂർവ്വ അധ്യാപക-വിദ്യാർത്ഥി- രക്ഷാകർതൃ കുടുംബ സംഗമം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു അമ്പാളി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് സലീം മീലാസ് അദ്ധ്യക്ഷത വഹിച്ചു.വാല്യക്കോട് എ യു പി സ്കൂൾ എച്ച് എം സുബൈദ ടീച്ചർ സ്വാഗതം പറഞ്ഞു
www.newsindialine.com
MEPPAYUR NEWS
