നമ്മുടെ ഗോപാലേട്ടൻ; നേതാവും സ്നേഹിതനും ;ആദരാഞ്ജലികൾ !

17 Oct 2026 02:27 PM
നമ്മുടെ ഗോപാലേട്ടൻ; 
 നേതാവും സ്നേഹിതനും  ;ആദരാഞ്ജലികൾ !

സംസ്കാരം ഉച്ചക്ക് ശേഷം ഒരുമണിക്ക് മഠത്തുംഭാഗം ശാന്തി നഗറിലെ പുളിക്കൂച്ചാലിൽ വീട്ടു വളപ്പിൽ നടക്കും. എം എം ജാനകിയാണ് ഭാര്യ.മക്കൾ: മഞ്ജുഷ, ജിഷ. മരുമക്കൾ: എം സി രാജീവൻ (കാളിയത്ത് മുക്ക്, പി.ജി. വെജിറ്റബ്ൾസ് - കൊയിലാണ്ടി & മേപ്പയ്യൂർ )വിനീത് (വിമുക്ത ഭടൻ,മുതുകാട് ). സി പി ഐ എം മേപ്പയ്യൂർ എൽ സി സെക്രട്ടറി പി.ടി ബാലൻറെ അമ്മാവനാണ്.



മേപ്പയ്യൂരിൽ മഠത്തും ഭാഗത്തിൻ്റെ സാമൂഹ്യ ജീവിതത്തിലെ നിറസാന്നിധ്യമായിരുന്നു, പുളിക്കൂച്ചാലിൽ പി കെ ഗോപാലേട്ടൻ. പ്രദേശത്തിൻറെ, ഏത് വിഷയവും ആവട്ടെ, പ്രശ്ന പരിഹാര സാധ്യത തേടി ഗോപാലേട്ടൻ മുന്നിൽ ഉണ്ടാവുമായിരുന്നു. നല്ലൊരു സ്നേഹിതൻ , ബന്ധു, നാട്ടുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, സംഘാടകൻ, അഭ്യുദയകാംക്ഷി, കർഷകൻ, മനുഷ്യസ്നേഹി, സന്നദ്ധ പ്രവർത്തകൻ ഗോപാലേട്ടന് ചേരാത്ത വിശേഷണങ്ങൾ ഇല്ല. അദ്ദേഹത്തിൽ നിന്ന് സൗഹൃദത്തിൻറെ തലോടൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ അദ്ദേഹത്തിൻറെ ചുറ്റുപാടിലും ഉണ്ടായിരുന്നില്ല. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും പ്രശ്നപരിഹാരത്തിന് ഇടപെടുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഗോപാലേട്ടൻ്റേത് . മുതിർന്ന പൗരന്മാരുടെ സംഘടന രൂപീകരിക്കുന്നതിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും അദ്ദേഹത്തിൻറെ പങ്ക് വളരെ വലുതാണ്. മഠത്തുംഭാഗത്ത് ഒരു പകൽവീട് സാധ്യമാക്കുന്നതിന് ഏറെ ഇടപെടലുകൾ നടത്തിയെങ്കിലും അത് സാധ്യമായില്ലെന്ന് അദ്ദേഹം പലപ്പോഴും നിരാശയോടെ പറഞ്ഞിരുന്നു. സ്വന്തം പ്രദേശത്തിൻറെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും അധികൃത ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അനിതര സാധാരണമായ ഇടപെടൽ ഗോപാലേട്ടൻ നടത്തിയിട്ടുണ്ട്. സ്വന്തം പ്രദേശത്ത് റസിഡൻഷ്യൽ അസോസിയേഷൻ രൂപീകരിക്കുന്നതിലും സജീവമായ പ്രവർത്തനം നടത്തുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ്, ഗോപാലേട്ടൻ, ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ ആദ്യ സെക്രട്ടറിയുമായിരുന്നു; അദ്ദേഹം.

ഗോപാലേട്ടൻ്റെ പ്രവർത്തന മേഖല വിപുലമായിരുന്നു. സർവീസ് സംഘടന, പെൻഷനേഴ്സ് യൂണിയൻ, കർഷകസംഘം, മുതിർന്ന പൗരന്മാരുടെ സംഘടന, സ്വയം സഹായസംഘം, പൊതുരാഷ്ട്രീയപ്രവർത്തനമേഖല, എന്നിവയിൽ എല്ലാം തികഞ്ഞ ആത്മാർത്ഥതയോടെ നിറഞ്ഞു നിന്നിരുന്ന ഗോപാലേട്ടൻ ഇനി നമ്മോടൊപ്പം ഇല്ല. നമ്മെ വിട്ടു പോകുന്ന നമ്മുടെ ഗോപാലേട്ടൻ, ഇനിയെന്നും ഓർമയിൽ ഒരു നനുത്ത സ്പർശമായി നിലനിൽക്കും.