മേപ്പയ്യൂരിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച ''മിസ ദി ലാസ്റ്റ് ബ്രീത്ത്'' ഇന്നലെകളിലെ ഇന്ത്യയുടെ നൊമ്പരം

04 Sep 2026 07:45 AM
മേപ്പയ്യൂരിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച  ''മിസ ദി ലാസ്റ്റ് ബ്രീത്ത്'' ഇന്നലെകളിലെ ഇന്ത്യയുടെ നൊമ്പരം

മേപ്പയ്യൂരിൽ സി പി ഐ എം നോർത്ത് ലോക്കൽ കമ്യൂണിസ്റ്റ് കുടുംബ സംഗമത്തോടനുബന്ധിച്ചാണ് മിസ ദി ലാസ്റ്റ് ബ്രീത്ത് അവതരിപ്പിച്ചത്.

MEPPAYUR NEWS: CULTURAL STUDIES

മേപ്പയ്യൂർ: വർത്തമാന രാഷ്ട്രീയത്തെയും സമീപ ഭൂതകാലത്തെയും സമന്വയിപ്പിച്ച പ്രമേയവുമായി ''മിസ ദി ലാസ്റ്റ് ബ്രീത്ത്'' നാടകം മേപ്പയ്യൂരിൽ അവതരിപ്പിച്ചു.അമ്പത് വർഷങ്ങൾക്കു മുമ്പുള്ള ഇന്ത്യയുടെ കുറെക്കാലത്തെ അധികാര രാഷ്ട്രീയത്തിന്റെ തീവ്രമുഖം എന്തായിരുന്നുവെന്നും, സമീപ ഭൂതകാലത്തേക്കുള്ള, അതിൻ്റെ രാഷ്ട്രീയ പരിണാമം എങ്ങനെയൊക്കെ ആണെന്നും അവലോകനം ചെയ്യുന്നതായിരുന്നു, നാടകം.

അടിയന്തരാവസ്ഥ എന്നത് സുഖകരമായ ഒരു രാഷ്ട്രീയ അവസ്ഥ അല്ലെന്നും അത്, വ്യക്തിയുടെ മൗലിക അവകാശങ്ങളെ പോലും നിരാകരിക്കുന്നതാണെന്നും മിസ ദി ലാസ്റ്റ് ബ്രീത്ത് വ്യക്തമാക്കുന്നു. 1975ലെ അലഹബാദ് ഹൈക്കോടതിവിധിയും അതിനോട് ഭരണകൂടത്തിൻ്റെ പ്രതികരണവും അടിയന്തരാവസ്ഥ പ്രഖ്യാപനവും നാടകം തുറന്നു കാണിക്കുന്നു. അക്കാലഘട്ടത്തിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത ജയപ്രകാശ് നാരായണൻ, രാജ്നാരായണൻ, ജോർജ് ഫെർണാണ്ടസ് എന്നിവരെയും നാടകത്തിൽ പരാമർശിക്കുന്നുണ്ട്.

ഭരണ കൂട ഭീകരതയുടെ ഫാസിസ്റ്റ് മുഖം , നമുക്ക് അരികിലും ഉണ്ടെന്നും ഭയപ്പെടുത്തി ആധിപത്യം സ്ഥാപിക്കലാണ് അതിൻറെ സ്ഥായിയായ ഭാവമെന്നും ഓർമ്മപ്പെടുത്തിയാണ് നാടകം പുരോഗമിച്ചത് . മധ്യവയസ് പിന്നിട്ടവർക്ക് ഒരു ഓർമ്മപ്പെടുത്തലും പുതു തലമുറയ്ക്ക് ചരിത്രത്തിൻറെ ഭീതിദമായ ഒരു അധ്യായത്തിന്റെ അനാവരണവും ആയിരുന്നു നാടകം.

MEPPAYUR SURENDRAN