മേപ്പയ്യൂരിൽ ആവേശകരമായ അനുഭവമായി കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം.

04 Sep 2026 08:14 AM
മേപ്പയ്യൂരിൽ ആവേശകരമായ അനുഭവമായി കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ സംഗമം ഉദ്ഘാടനം ചെയ്യുന്നു. (ഇൻസെററിൽ)കെ അനിൽ കുമാർ

MEPPAYUR NEWS

മേപ്പയ്യൂർ: മേപ്പയ്യൂരിൽ നോർത്ത് സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കമ്യൂണിസ്റ്റ് കുടുംബ സംഗമം ആവേശകരമായ അനുഭവമായി . രക്തസാക്ഷികളായ കെ ചോയി, എം .കെ.ഉണ്ണര, ഇടത്തിൽ ഇബ്രാഹിം എന്നിവരുടെ സ്മരണ നിറയുന്ന മണ്ണിൽ ആവേശകരമായ അനുഭവമാണ് കുടുംബ സംഗമം പ്രദാനം ചെയ്തത്.

ചെറുത്തുനിൽപ്പിൻറെയും നിണമണിഞ്ഞ പോരാട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് തലമുറകളുടെ കുടുംബ സംഗമം പുത്തൻ പോരാട്ടത്തിന് തലമുറകളെ സജ്ജമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു. ജന്മിത്ത വിരുദ്ധ പോരാട്ടം, ഭരണകൂട ഭീകരതയ്ക്കെതിരായ പോരാട്ടം, അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം, വർഗീയ ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പ് തുടങ്ങിയ കഥ പറയാനുള്ള മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ്മൂല്യബോധത്തിന്റെ അനാവരണമായി മേപ്പയ്യൂരിൽ നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം. ബസ്സ്റ്റാൻഡ് പരിസരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ, മുൻകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകർ, പോരാട്ടങ്ങളിൽ അണിചേർന്ന് മർദ്ദനത്തിനിരയായവരും, ജയിൽവാസമനുഷ്ഠിച്ചവരും, കേസുകളിൽ പ്രതിചേർക്കപ്പെട്ടവർ, തുടങ്ങി നിരവധി ആളുകളാണ് ഈ പ്രതിസന്ധി കാലത്ത് പാർട്ടിയെ രക്ഷിക്കുന്നതിന് ഒഴുകിയെത്തിയത്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ കുഞ്ഞിരാമൻ, എൻ കെ രാധ, സിപിഐഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ടി.രാജൻ, പി പി രാധാകൃഷ്ണൻ ,കെ.രാജീവൻ, പി പ്രസന്ന,എന്നിവർ സംസാരിച്ചു. പി.ടി.ബാലൻ സ്വാഗതം പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ നിന്നായി നൂറുകണക്കിനു പേർ കുടുംബ സംഗമത്തിൽ പങ്കെടുത്തു. മിസ ദി ലാസ്റ്റ് ബ്രീത്ത് നാടകം കുടുംബ സംഗമത്തിൽ അവതരിപ്പിച്ചു.