പി എം ശ്രീയിൽ പറയുന്നതിനേക്കാൾ മുകളിലാണ് കേരളത്തിലെ വിദ്യാലയങ്ങൾ

25 Oct 2025 07:45 AM
പി എം ശ്രീയിൽ പറയുന്നതിനേക്കാൾ മുകളിലാണ് കേരളത്തിലെ വിദ്യാലയങ്ങൾ

പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും ഈ സർക്കാർ അനുവദിക്കില്ല.

കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ സമീപനമാണ് പി എം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചതിലൂടെ കൈക്കൊണ്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് വി ശിവൻകുട്ടി പ്രസ്താവിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും ഈ സർക്കാർ അനുവദിക്കില്ല. അതോടൊപ്പം, നമ്മുടെ കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താനും തയ്യാറല്ല. പി എം ശ്രീയിൽ പറയുന്നതിനേക്കാൾ മുകളിലാണ് കേരളത്തിലെ വിദ്യാലയങ്ങൾ. പി എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം രണ്ടായിരത്തി ഇരുപത് പൂർണ്ണമായും അംഗീകരിച്ചു,വെന്നത് തികച്ചും സാങ്കേതികമാണ്. രണ്ടായിരത്തി ഇരുപത്തി മൂന്ന് വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. അതേ നയം മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂ.ഉന്നതവിദ്യാഭ്യാസ വകുപ്പ് പി എം ഉഷ പദ്ധതിയിൽ ഒപ്പിട്ടതും എൻ.ഇ.പി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. എൻ.ഇ.പി രണ്ടായിരത്തി ഇരുപതിൽ പറയുന്ന പല കാര്യങ്ങളും പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എൻറോൾമെന്റ്, ത്രിഭാഷാ പദ്ധതി) കേരളം പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പിലാക്കിയതാണ്.

ഇക്കാര്യത്തിൽ നാം എൻ.ഇ.പി.യെക്കാൾ ബഹുദൂരം മുന്നിലാണ് മന്ത്രി പറഞ്ഞു.എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. പി.എം ശ്രീ. സ്‌കൂളുകളിൽ എസ്.സി.ഇ.ആർ.ടി സിലബസ് പഠിക്കാനാവും. പി.എം.ശ്രീ. നടപ്പിലാക്കിയ ഒഡീഷ, ഗുജറാത്ത്, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പിൻതുടരുന്നത് സംസ്ഥാന സിലബസ് ആണ്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുമ്പോഴും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേരളത്തിലെ ഉറപ്പ് നൽകുന്നതായി മന്ത്രി വ്യക്തമാക്കി.