മേപ്പയ്യൂരിൽ ആഴ്ച ചന്ത പുന:സ്ഥാപിക്കുകയും മേപ്പയ്യൂർ ഏരിയ ഓപ്പൺ റെഗുലേറ്റഡ് മാർക്കറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ
സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയ്യൂർ :മേപ്പയ്യൂർ പഞ്ചായത്തിൽ ആഴ്ച ചന്ത പുന:സ്ഥാപിക്കുകയും മേപ്പയ്യൂർ ടൗണിൽ മേപ്പയ്യൂർ ഏരിയ ഓപ്പൺ റെഗുലേറ്റഡ് മാർക്കറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന്സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മേപ്പയ്യൂർ പഞ്ചായത്തിൽ ആഴ്ച ചന്ത ശനിയാഴ്ചകളിൽ നടന്നിരുന്നു. എന്നാൽ ആധുനിക വാണിജ്യ താല്പര്യങ്ങളുടെ സ്വാധീനം മൂലം അത് ഇല്ലാതായിട്ട് വർഷങ്ങളായി. ഇത് കോർപ്പറേറ്റ് മൂലധന താൽപര്യങ്ങൾക്ക് ഗ്രാമീണ ജനതയെ ചൂഷണം ചെയ്യുന്നതിനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഇത് ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് ആഴ്ച ചന്തകൾക്ക് സാധിക്കും. പലയിടങ്ങളിലും ആഴ്ചചന്തകൾ ഫലപ്രദമായി ഇക്കാലത്തും നടക്കുന്നുണ്ട്. പ്രധാന കാർഷിക ഉൽപാദന മേഖലകളുടെ കേന്ദ്രമായ മേപ്പയ്യൂരിൽ ആഴ്ച ചന്ത പുന:രാരംഭിക്കുന്നത് ഏറെ ഗുണകരമാകും.. കാർഷിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകൾ, ഗുണമേന്മയുള്ള കാർഷികോല്പന്നങ്ങൾക്ക് വിലപേശാനും നേരിട്ടു വാങ്ങാനുമുള്ള അവസരം, വിത്തുകൾ വാങ്ങാനും വിൽക്കാനും ഉള്ള അവസരം, കൈത്തൊഴിൽ മേഖലയിൽ നിന്ന് ഉല്പാദിപ്പിച്ച വസ്തുക്കൾ (ഉത്പന്നങ്ങൾ) ഇടനിലക്കാരില്ലാതെ വിൽക്കാനും വാങ്ങാനുമുള്ള അവസരം തുടങ്ങിയവയൊക്കെ ഇതിൻറെ ഗുണപരമായ വശങ്ങളാണ്. ചോർച്ചയില്ലാതെ പണം ഉത്പാദകനു ലഭിക്കുന്നതിന് ആഴ്ച ചന്തകൾ (weekly Open market ) മുഖേന സാധിക്കും. ഇതിന് ആവശ്യമായ വിധം മേപ്പയ്യൂർ ടൗണിൽ ഒരു സംവിധാനം ഒരുക്കണമെന്നും മേപ്പയ്യൂർ ഏരിയ ഓപ്പൺ റെഗുലേറ്റഡ് മാർക്കറ്റ് സ്ഥാപിക്കണമെന്നും മേലടി ബ്ലോക്ക് പഞ്ചായത്ത്, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എന്നിവരോട് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനംആവശ്യപ്പെട്ടു.സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വി.കെ.ബാലൻ സംഘടനാ റിപ്പോർട്ടും കൂവല ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ പ്രസിഡന്റ് വി.കെ.ബാലൻ സംഘടനാ റിപ്പോർട്ടും ട്രഷറർഎൻ.കെ. സത്യൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
