ടി പി ദാസൻ അന്തരിച്ചു.

30 May 2026 01:44 PM
ടി പി ദാസൻ അന്തരിച്ചു.

വെള്ളി രാത്രി 11.24ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരസമയം തീരുമാനിച്ചിട്ടില്ല.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

കോഴിക്കോട്: ജില്ലയിലെ മുതിർന്ന സിപിഐ എം നേതാവും മുൻ മേയറുമായിരുന്ന ടി പി ദാസൻ (76) അന്തരിച്ചു. വെള്ളി രാത്രി 11.24ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സിപിഐ എം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ്. ദീർഘകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. രോഗബാധയെ തുടർന്ന് അശോകപുരത്തെ വീട്ടിൽ ഏറെ നാളായി വിശ്രമത്തിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് വെള്ളി രാത്രി ആശുപത്രിയിലെത്തിയത്.സഹകാരി, കായിക സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ച ദാസൻ ഡിവൈഎഫ്ഐ രൂപീകരണ വേളയിൽ പ്രഥമ സംസ്ഥാന പ്രസിഡണ്ടായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായി.

1950 ജൂൺ ഒന്നിനാണ് ജനനം. മേപ്പയ്യൂരിനടുത്ത കാരയാട്,കാളിയത്ത് മുക്ക് സ്വദേശിയാണ്.ഇപ്പോൾ കോഴിക്കോട് നഗരത്തിലായിരുന്നു താമസം. കാരയാട് എൽപി സ്കൂൾ, കൽപ്പത്തൂർ യുപി സ്കൂൾ, മേപ്പയ്യൂർ ഹൈസ്കൂൾ,കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ നിന്ന് ഡിപ്ലോമ നേടി. പഠനശേഷം തളി ഗവ. യുപി സ്കൂളിൽ താൽക്കാലിക കായികാധ്യാപകനായി. 1973ലെ അധ്യാപക സമരത്തിൽ ജയിലിലായതോടെ ജോലി നഷ്ടമാവുകയായിരുന്നു.

കെഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി പി സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. അതിനുമുമ്പ് കെഎസ്‌വൈഎഫ് പ്രസിഡന്റും, സെക്രട്ടറിയുമായിരുന്നു.കെഎസ് വൈഎഫ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, കെടിഡിസി ഡയറക്ടർ, കല പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നടക്കാവിലെ ബാബുരാജ് മ്യൂസിക് അക്കാദമി സെക്രട്ടറിയായിരുന്നു.

കോർപറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി വി ലളിതപ്രഭ (സിപിഐ എം കോഴിക്കോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ടൗൺ ഏരിയാ കമ്മിറ്റിയംഗം) യാണ് ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്, യുഎസ്എ), മിനി (എച്ച്ആർ ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യുകെ). മരുമക്കൾ: ബൈജു (പ്രിൻ്റിങ് പ്രസ്, വെസ്റ്റ് ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യുകെ). സംസ്കാരം പിന്നീട്.