MEPPAYUR NEWS: പയ്യോളിയിൽ കൂടുതൽ വണ്ടികൾ നിർത്തുന്നത് പ്രതീക്ഷിച്ച് കിഴക്കൻ മേഖലയിലെ യാത്രക്കാർ

തീരദേശം - ഇടനാട് - മലനാട് പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന വിധം പയ്യോളി റെയിൽവേ സ്റ്റേഷനിൽ 16629/ 16630 മലബാർ എക്സ് പ്രസ് ,16603/16604 മാവേലിഎക്സ് പ്രസ് , 12601/ 12602ചെന്നൈ മംഗലാപുരം സെൻട്രൽ മെയിൽ, 16347/ 16348 മംഗളൂരു സെൻട്രൽ എക്സ് പ്രസ്എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ വള്ളിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഷാഫി പറമ്പിൽ എം.പി, രാജ്യസഭാംഗമായ പി.ടി.ഉഷ എം പി എന്നിവർക്ക് അദ്ദേഹം നിവേദനം നൽകി.
MEPPAYUR NEWS www.newsindialine.com
മേപ്പയ്യൂർ: പയ്യോളിയിൽ കൂടുതൽവണ്ടികൾ നിർത്തണമെന്ന ആവശ്യത്തിനു പ്രസക്തിയേറുന്നു. പയ്യോളി ഭാഗത്തെ എൻ.എച്ച്.പ്രവൃത്തി നീളുന്നതുകൊണ്ട് യാത്രക്കാർ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലുള്ളവർ കൊടിയ ദുരിതമനുഭവിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് പയ്യോളിയിൽ ഹ്രസ്വ-മധ്യ ദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാലാകും. ഷാഫി പറമ്പിൽ എം.പി, രാജ്യസഭാംഗമായ പി.ടി.ഉഷ എം പി എന്നിവരുടെ സജീവ ഇടപെടൽ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മലബാർ എക്സ് പ്രസ്, മാവേലി എക്സ് പ്രസ്, മംഗളൂരു മെയിൽ, മംഗളൂരു എക്സ് പ്രസ്, പരശുറാം എക്സ് പ്രസ്, തിരുവനന്തപുരം എക്സ് പ്രസ് എന്നിവയെ ആശ്രയിക്കുന്ന മേഖലയാണിത്.കണ്ണൂർ ഭാഗത്തെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകേണ്ടവർക്ക് വടക്കോട്ടുള്ള പുലർകാല വണ്ടികൾക്ക് പയ്യോളിയിൽ സ്റ്റോപ്പ് ഉണ്ടായാൽ ഏറ്റവും സൗകര്യപ്രദം ആയിരിക്കും. പരിയാരം ഗവ: മെഡിക്കൽ കോളേജ്, ഗവ: ഡെന്റൽ കോളേജ്, ഗവൺമെൻറ് ആയുർവേദ മെഡിക്കൽ കോളേജ്, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ്, ഗവ:എഞ്ചിനിയറിംഗ് കോളജ് തുടങ്ങിയ കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പറശ്ശിനിക്കടവ്, പെരളശ്ശേരിക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യേണ്ടവർക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ ഏറെ പ്രയോജനപ്രദമാകും. മലയോര മേഖലയിലെയും മേപ്പയ്യൂർ-പേരാമ്പ്ര പട്ടണങ്ങളിലെയും കടിയങ്ങാട്, കൂത്താളി, കായണ്ണ, നൊച്ചാട്, ആവള മേഖലയിലുള്ളവർക്കും മേലടി , തോടന്നൂർ ബ്ലോക്കുകളിലെയും ആളുകൾക്കും ഇത് പ്രയോജനപ്രദമാകും. കൊയിലാണ്ടിക്കും വടകരക്കും ഇടയിലുള്ള മുനിസിപ്പൽ നഗരപ്രദേശമാണ് പയ്യോളി.റെയിൽവേയുടെ എൻ.എസ്.ജി- 6 കാറ്റഗറിയിൽപെട്ട സ്റേഷനാണിത്.
കോഴിക്കോട് ഭാഗത്തേക്ക് രാത്രി സമയത്ത് വണ്ടികൾ ഒന്നുമില്ല. അവസാന വണ്ടി വൈകുന്നേരം 5.20ന് കണ്ണൂർ- ഷോർണ്ണൂർ മെമു ആണ്. കണ്ണൂർ ഭാഗത്തേക്ക് സന്ധ്യക്ക് ശേഷം 3 വണ്ടികൾ ഉണ്ട്. അവസാന വണ്ടി രാത്രി 10.55 നുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ആണ്.കാലത്ത് 6.45 നാണ് മംഗളൂരുഎക്സ് പ്രസ് പയ്യോളിയിലൂടെ കടന്നുപോകുന്നത്. വൈകു: 5.48നാണ് തിരിച്ചുള്ള യാത്ര. കണ്ണൂരിലേക്കുള്ള മലബാർ എക്സ് പ്രസ് കാലത്ത് 5.25 ന് പയ്യോളി സ്റ്റേഷനിലെത്തും. രാത്രി 9.48 നാണ് തിരുവനന്തപുരത്തേക്ക് മലബാർ എക്സ് പ്രസ്ഈ സ്റ്റേഷൻ പിന്നിടുന്നത്. രാത്രി 10.55 നുള്ള എക്സിക്യൂട്ടീവ് എക്സ് പ്രസ് പോയിക്കഴിഞ്ഞാൽ, പിറ്റേന്ന് കാലത്ത് 7.30നാണ് പയ്യോളിയിൽ നിന്ന് വടക്കോട്ടേക്ക് ഒരു വണ്ടിയുള്ളത്.
16629/ 16630 മലബാർ എക്സ് പ്രസ് ,16603/16604 മാവേലിഎക്സ് പ്രസ് , 12601/ 12602MGR ചെന്നൈ മംഗലാപുരം സെൻട്രൽ മെയിൽ, 16347/ 16348 മംഗളൂരു സെൻട്രൽ എക്സ് പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാണാവശ്യം .