സംസ്ഥാനതല സ്കൂൾ ​പ്രവേശനോത്സവം ജൂൺ രണ്ടിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും

13 May 2025 11:49 AM
സംസ്ഥാനതല സ്കൂൾ ​പ്രവേശനോത്സവം ജൂൺ രണ്ടിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും

സ്‍കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി 27 നകം പൂർത്തിയാക്കണം.

NEWSINDIA LINE.com പ്രഭാത വാർത്തകൾ

സംസ്ഥാനതല സ്കൂൾ ​പ്രവേശനോത്സവം ജൂൺ രണ്ടിന്​ രാവിലെ 9.30ന്‌ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തൽസമയം സംപ്രേഷണം ചെയ്യും. ഇതിനുശേഷം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തും. സ്‍കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി 27 നകം പൂർത്തിയാക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാടകക്കെട്ടിടത്തിലോ മറ്റോ ക്ലാസ്‌ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതിന്റെയും ഫിറ്റ്നസ് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ക്ലാസ്‌ തുടങ്ങാനാകൂ. ഭിന്നശേഷി കുട്ടികൾക്ക്‌ പ്രത്യേക പരിഗണന ഉറപ്പാക്കണം. സ്കൂളിനടുത്ത്‌ വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തി ഉറപ്പാക്കണം. വിദ്യാർഥികളുടെ യാത്രാസുരക്ഷ സ്കൂൾതല അവലോകനത്തിൽ ഉറപ്പാക്കണം, മന്ത്രി പറഞ്ഞു


അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ബുധനാഴ്ച ചുമതലയേൽക്കും.

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ചൊവ്വാഴ്ച പടിയിറങ്ങും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവിൽ ഒട്ടേറെ സുപ്രധാനകേസുകൾ കൈകാര്യംചെയ്തിരുന്നു. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ബുധനാഴ്ച ചുമതലയേൽക്കും.

ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17ന്‌ പുനരാരംഭിക്കും.

മുംബൈ: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17ന്‌ പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി ബിസിസിഐ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

തിരുവനന്തപുരം: താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാ​ഗം നേതാക്കളുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഡിസിസി പുനസംഘടന ആലോചിച്ച് മാത്രമേ ചെയ്യൂ. കോൺ​ഗ്രസിന്റെ കരുത്ത് അനുഭാവികളാണെന്നും രാഷ്ട്രീയ വെല്ലുവിളികൾ പഠിച്ച് നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും.

ദില്ലി: പുതിയ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. വൈകീട്ട് നാല് മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ നേതൃത്വത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡ് നല്‍കും. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായുള്ള നേതൃത്വത്തിന്‍റെ നിലപാടും വിശദീകരിക്കും.

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.