ഇന്ന് മെയ് ദിനം

മെയ് ദിനം നീണാൾ വാഴട്ടെ
MEPPAYUR NEWS
മെയ് ദിനം
1886 ൽ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്.എട്ടു മണിക്കൂർ ജോലി ആവശ്യമുയർത്തി 1886ല്‍ നടന്ന പൊതു പണിമുടക്ക് തൊഴിലാളി വര്‍ഗത്തിന് എതിരായ നിഷ്ഠൂരമായ പ്രതികാര നടപടികള്‍ക്ക് വഴിവച്ചു. സമരത്തിനോട് അനുബന്ധിച്ച് മെയ് മൂന്നിന് നടന്ന വെടിവയ്പില്‍ 6 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ ഒത്തുചേര്‍ന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. ക്രൂരമര്‍ദനം അഴിച്ചുവിട്ടു. നിരവധി തൊഴിലാളികളുടെ പേരില്‍ പൊലീസ് കള്ളക്കേസ് കെട്ടിച്ചമച്ച് തുറങ്കലില്‍ അടച്ചു. ഇവരില്‍ ജോര്‍ജ്ജ് എംഗല്‍, അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, അഗസ്റ്റ് സ്‌പൈസ് എന്നിവരെ തൂക്കിലേറ്റി.
സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു.
1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
ലോകത്തെമ്പാടും തൊഴിലാളികള്‍ സംഘടിക്കാനും കരുത്തുറ്റ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിനും കഴിഞ്ഞു എന്നത് ചരിത്രത്തിന്റെ ആവേശകരമായ അനുഭവങ്ങള്‍. യൂറോപ്പിലും, അമേരിക്കയിലും ഉള്ള തൊഴിലാളി വര്‍ഗം ചുവന്ന കൊടിക്കീഴില്‍ ഒരൊറ്റ ശക്തിയായി എട്ട് മണിക്കൂര്‍ ജോലി സമയം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപടയാളികളായി. ഐതിഹാസികമായ ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് മെയ് ഒന്ന് മെയ്ദിനം അഥവാ ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്.
മെയ്ദിനം ലഘുചരിത്രം
1750 മുതല്‍ 1850 വരെയുള്ള കാലം വലിയ വ്യവസായ മുന്നേറ്റത്തിൻെറ കാലമായിരുന്നു. കൃഷി, വ്യാവസായിക ഉല്‍പാദനം, ഗതാഗതം എന്നിവയിൽ വൻ മുന്നേറ്റമുണ്ടായി. തൊഴിലാളികള്‍ (സ്ത്രീകളും കുട്ടികളും പോലും)തുച്ഛമായ കൂലിയില്‍ 12 മുതൽ16 മണിക്കൂര്‍വരെ നിർബന്ധമായും പണിയെടുക്കണം. ഈ അവസ്ഥ ഉടലെടുത്തപ്പോഴാണ് എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. വടക്കേ അമേരിക്കയിലെ പല നഗരങ്ങളിലും ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ബല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും തൊഴിലാളി സംഘടനകള്‍ വളര്‍ന്നുവന്നു. 1885-86 കാലത്ത് തൊഴിലാളി ചൂഷണത്തിനെതിരായ സംഘടനകളും, സമരങ്ങളെ കുറിച്ചുള്ള ആലോചനകളും ശക്തമായി. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളിലെ തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന സെന്‍ട്രല്‍ ലേബര്‍ യൂണിയനും സാമൂഹ്യപ്രവര്‍ത്തകരും ചേർന്ന് 1886 മെയ് ഒന്നിന്ന് ചിക്കാഗോയില്‍ പ്രക്ഷോഭം നടത്തുന്നതിന് തീരുമാനിച്ചു. 1886 മെയ് 1 ന് ആണ് പണിമുടക്ക് സമരം ആരംഭിച്ചത്. മൂന്നര ലക്ഷം തൊഴിലാളികളാണ് ചിക്കാഗോ നഗരത്തിലേക്ക് പ്രവഹിച്ചത്. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ അവേശഭരിതരാക്കി. പലതൊഴിലാളി യൂണിയനുകളും ഈ പണിമുടക്കില്‍ പ്രചോദിതരായി ലോകത്തിന്റെ നാനാമേഖലകളില്‍ സമരങ്ങള്‍ ആരംഭിച്ചു.