മേപ്പയ്യൂർ ടൗണിൽ സംഘർഷം ; ലാത്തിച്ചാർജ്, നിരവധി പേർക്ക് പരിക്കേറ്റു.

18 Aug 2024 04:56 AM
മേപ്പയ്യൂർ ടൗണിൽ  സംഘർഷം ; ലാത്തിച്ചാർജ്, നിരവധി പേർക്ക് പരിക്കേറ്റു.

സംഘർഷം മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന്

മേപ്പയ്യൂർ:മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്പരാരോപണവുമായി യു ഡി എഫും ഡി വൈ എഫ് ഐ യും.  വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ രാത്രിയോടെ റീ കൗണ്ടിങ്ങിലൂടെയാണ് ഫലപ്രഖ്യാപനം നടത്തിയത്. സി പിഎം ന്റെ ഒത്താശയോടെ സ്ക്കൂൾ അധികൃ തർ പ്രവർത്തിച്ചുവെന്ന് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

അതേ സമയം, മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂൾ തിരഞ്ഞെടുപ്പിൽ യു ഡി എഫും കോൺഗ്രസ്‌ അധ്യാപകരും ചേർന്ന് അട്ടിമറി നടത്താൻ ശ്രമിച്ചുവെന്ന് എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും ആരോപിച്ചു.  

സി.പി.എം ന്റെയും,സി.പി.എം അനുകൂല അധ്യാപക സംഘടനകളുടെയും സമ്മർദ്ദത്തിന് വഴങ്ങി ഏകപക്ഷീയമായി എസ്.എഫ്.ഐ വിജയിച്ചതായി പ്രഖ്യാപിച്ചുവെന്ന് യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം.കെ അബ്ദുറഹിമാൻ ,മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്,എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

മേപ്പയ്യൂർ ടൗണിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണവും നടന്നു. അമൽആസാദ്, അരുൺജി ദേവ്, പി പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ടൗണിൽ യു ഡി എഫും പ്രകടനം നടത്തി. ഇരു പ്രകടനക്കാരും തമ്മിൽ മേപ്പയ്യൂർ ടൗണിൽ പയ്യോളി റോഡിൽ സംഘർഷമുണ്ടായി. പോലീസ് ലാത്തിവീശി.ലാത്തിയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ എ സി അനൂപ്, ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറി അമൽ ആസാദ്, സി.കെ.ധനേഷ്, അരുൺ ജി ദേവ്, യൂത്ത് ലീഗ് നേതാവ് അജ്നാസ്, കെ എസ് യു നേതാവ് ആദിൽ  എന്നിവർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. അനൂപിന് തലക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജി ലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ഡിവൈഎഫ്ഐ പ്രകടനത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തു കോൺഗ്രസ്- ലീഗ് സംഘം ആക്രമിക്കുകയായിരുന്നുവെന്ന്  ഡി വൈ എഫ് ഐ   ആരോപിച്ചു. ഏറെ നേരത്തെ സംഘർഷാവസ്ഥക്കു ശേഷം  ടൗണിൽ സ്ഥിതി ശാന്തമാണ്. കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്..

യു ഡി എഫ് നടത്തിയ പത്രസമ്മേളത്തിൽ പി.കെ അനീഷ്, ടി.എം അബ്ദുള്ള, പുതുക്കുളങ്ങര സുധാകരൻ, കെ.പി വേണുഗോപാൽ, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ, ഷബീർ ജന്നത്ത്, ശ്രീനിലയം വിജയൻ, സറീന ഒളോറ, റാബിയ എടത്തുക്കണ്ടി, പൂക്കോട്ട് ബാബുരാജ്, കീഴ്പോട്ട് പി മൊയ്തി, എടയിലാട്ട് ഉണ്ണികൃഷ്ണൻ, സി.എം ബാബു എന്നിവരുംപങ്കെടുത്തു.