വായന അനുഭവമാക്കി ആന്തട്ട സ്കൂൾ കുട്ടികളുടെ ലൈബ്രറി സന്ദർശനം

വായന വാരാചരണത്തിന്റെ ഭാഗമായികുട്ടികളും അധ്യാപകരും മേലൂർ ദാമോദരൻ സ്മാരക ലൈബ്രറി സന്ദർശിച്ചു. കുട്ടികൾ ലൈബ്രറിയിൽ അംഗത്വമെടുത്തു.
കൊയിലാണ്ടി : വായന അനുഭവമാക്കി കുട്ടികളുടെ ലൈബ്രറി സന്ദർശനം. വായന വാരാചരണത്തിന്റെ ഭാഗമായി ആന്തട്ട ഗവ.യു.പി. സ്കൂൾ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മേലൂർ ദാമോദരൻ സ്മാരക ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ. വി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. സ്കൂൾ ഹെഡ്മാസ്റ്റർ സി അരവിന്ദൻ പരിപാടിഉദ്ഘാടനംചെയ്തു. ലൈബ്രറി സെക്രട്ടറി മധു കിഴക്കയിൽ, സ്കൂൾ സീഡ് കോഡിനേറ്റർ പി. ജയകുമാർ, ദിവ്യ റിജീഷ് എന്നിവർ പ്രസംഗിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്ത ഹെഡ്മാസ്റ്റർ മഹാന്മാരുടെ ജീവിതത്തെ വായന ഏറെ സ്വാധീനിച്ചതായി എടുത്തുപറഞ്ഞു. ലൈബ്രറി പ്രവർത്തന ക്രമം ലൈബ്രേറിയൻ സജിന കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഗ്രന്ഥശാലയുടെ ബാലവേദിയിൽ സൗജന്യമായി എല്ലാ കുട്ടികൾക്കും അംഗത്വം നൽകാമെന്നും പത്ത് ദിവസത്തിനകം പുസ്തകങ്ങൾ തിരിച്ചു നൽകിയാൽ മതിയെന്നും അവർ പറഞ്ഞു. നിരവധി കുട്ടികൾ ലൈബ്രറി അംഗത്വമെടുത്തു.