പുതിയ വൈബിൽ കടൽക്കാഴ്‌ചകൾക്കൊപ്പം,ആസ്വദിച്ച്‌ ഭക്ഷണം കഴിക്കാം; കോഴിക്കോട് വേറെ ലെവൽ

21 Oct 2025 11:06 AM
പുതിയ വൈബിൽ കടൽക്കാഴ്‌ചകൾക്കൊപ്പം,ആസ്വദിച്ച്‌ ഭക്ഷണം കഴിക്കാം;  കോഴിക്കോട് വേറെ ലെവൽ

കോർപറേഷന്റെ അഭിമാന പദ്ധതി ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എം ബി രാജേഷ്‌

കോഴിക്കോട്: പുതിയ വൈബിൽ കടൽക്കാഴ്‌ചകൾക്കൊപ്പം,ആസ്വദിച്ച്‌ ഭക്ഷണം കഴിക്കാം; കോഴിക്കോട് വേറെ ലെവൽ! രുചിപ്പെരുമയ്‌ക്ക്‌ പേരുകേട്ട ഭക്ഷ്യനഗരം- കോഴിക്കോട്‌ - ലോകത്തിന്‌ സമ്മാനിക്കുന്നത് പുത്തൻ അൽഫാവൈബ്. കോഴിക്കോട്‌ കടപ്പുറത്തെത്തുന്നവർക്ക്‌ ഇനി പല രുചികൾ നുണ‍യാം, പുതിയ പുതിയ അനുഭവങ്ങൾ പങ്കുവെയ്ക്കാം,കാഴ്ചകൾ കാണാം. ഒന്നിച്ചിരുന്ന്‌ ആരോഗ്യകരമായ അന്തരീക്ഷത്തിൽകടൽക്കാറ്റേറ്റ് ഭക്ഷണം കഴിച്ചു മടങ്ങാം. കോഴിക്കോട്‌ ബീച്ചിന്റെ(നഗരത്തിൻെറ തന്നെയും) മുഖച്ഛായ മാറ്റുന്ന നഗരജീവിതത്തിന്‌ പുതിയ അനുഭവം സമ്മാനിക്കുന്ന കോർപറേഷന്റെ അഭിമാന പദ്ധതി മന്ത്രി എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്തു.നഗരസഭയും ദേശീയ നഗര ഉപജീവന മിഷനും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്നാണ്‌ ബീച്ച് വെന്റിങ് മാര്‍ക്കറ്റ് ആൻഡ് ഫുഡ് സ്ട്രീറ്റ് ഒരുക്കിയത്‌. ദേശീയ നഗര ഉപജീവന മിഷനും ഭക്ഷ്യസുരക്ഷാ വകുപ്പും 3.44 കോടി രൂപയും കോര്‍പറേഷൻ 1.85 കോടി രൂപയും ചെലവഴിച്ചാണ് നവ്യാനഭവമാകുന്ന പദ്ധതി നടപ്പാക്കിയത്. ഫുഡ് സ്ട്രീറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ഇ‍ൗ മേഖല വെന്റിങ് സോണായും ബീച്ചിലെ മറ്റു ഭാഗങ്ങൾ നോൺ വെന്റിങ് സോണായും പ്രഖ്യാപിക്കും. ഒരുവിധ അനധികൃത കച്ചവടവും അനുവദിക്കില്ലെന്നു അധികതർ പറഞ്ഞു. കേരള ബാങ്കിന്റെ ധനസഹായത്തോടെയാണ്‌ കാര്‍ട്ട് സ്ഥാപിച്ചത്‌. ഉദ്ഘാടന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. സെക്രട്ടറി കെ യു ബിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി ദിവാകരൻ, ഡോ. എസ്‌ ജയശ്രീ, പി സി രാജൻ, കൃഷ്‌ണകുമാരി, സി രേഖ, പി കെ നാസർ, ഒ പി ഷിജിന, കേരള ബാങ്ക്‌ ഡയറക്ടർ ഇ രമേഷ്‌ബാബു, മുൻ മേയർമാരായ ടി പി ദാസൻ, എം എം പത്മാവതി തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതവുംഡോ. മുനർവർ റഹ്മാൻ നന്ദിയും പറഞ്ഞു