രാഷ്ട്രീയ വിവാദത്തിന് അവസാനമാകുന്നു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്ത്, സ്ഥാനത്തുനിന്ന് മാറ്റി. അജിത് കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ആവശ്യപ്പെട്ടിരുന്നു.
കേരളം ഒരു മാസത്തിലധികമായി സാക്ഷ്യം വഹിച്ച രാഷ്ട്രീയ വിവാദത്തിന് അവസാനമാകുന്നു. പ്രശ്നങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ മാനം കൈവന്നു. എഡിജിപി എം ആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്ത്, സ്ഥാനത്തുനിന്ന് മാറ്റി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയിൽ നിലയിൽ നിന്നാണ് മാറ്റിയത്. ഇനി ബറ്റാലിയനിൽ തുടരും.
പി വി അൻവറുമായുള്ള രാഷ്ട്രീയ ഭിന്നതയ്ക്ക് കാരണമായ വിഷയങ്ങളിൽ ഒന്നാണ് ഇത്. സിപിഐ ആവശ്യപ്പെട്ടതും എംആർ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ പിറവിയും ഇന്നുണ്ടായി. പി വി അൻവറുടെ ഡിഎംകെ ഇന്ന് മഞ്ചേരിയിൽ നിലവിൽ വന്നു.
പോലീസിൽ അതിശക്തനായ ആൾ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ച ഓഫീസർ ആയിരുന്നു അജിത് കുമാർ. ഒന്നിന് പിറകെ ഒന്നായി വിവാദവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അജിത്ത് കുമാറിനെതിരെയുള്ള നടപടി പ്രതീക്ഷിച്ചതായിരുന്നു. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്.
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതു സംബസിച്ച എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.
പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം തന്നെ എഡിജിപിക്കെതിരെ അന്വേഷണത്തിന് ഇന്ന് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ, ഒരു രാഷ്ടീയ വിവാദത്തിന് അന്ത്യമാവുകയാണ്.